കൊച്ചി: അന്താരാഷ്ട്ര പ്രാധാന്യമുള്ള കോഴിക്കോട്ടെ കോട്ടൂളി തണ്ണീര്‍ത്തടത്തെ റാംസര്‍ സൈറ്റായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കോടതി ഉത്തരവിട്ടു.
പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ഈ പ്രദേശം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നുചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സരോവരം പ്രകൃതിസംരക്ഷണ സമിതിയടക്കം നല്കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
കോട്ടൂളി തണ്ണീര്‍ത്തടത്തെ റാംസര്‍ സൈറ്റായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. സംസ്ഥാനസര്‍ക്കാരും കേന്ദ്ര പരിസ്ഥിതിമന്ത്രാലയവും ഇതിനാല്‍ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനുള്ള പ്രക്രിയ നടന്നുവരികയാണെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.
2025 ഒക്ടോബര്‍ എട്ടിനു നടന്ന സ്റ്റേറ്റ് വെറ്റ്ലാന്‍ഡ് അഥോറിറ്റി യോഗം ഇതിനായുള്ള വിവരശേഖരണത്തിന് അംഗീകാരം നല്‍കിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ബാധകമായ ഈ പ്രദേശത്ത് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്കി.